ചിലര്‍ക്ക് രാജ്യത്തേക്കാള്‍ വലുത് കുടുംബമാണ്; അവര്‍ അഴിമതിക്കായി സേനയെ ഉപയോഗിച്ചു; എന്ത് വന്നാലും രാജ്യത്ത് റാഫേല്‍ പറക്കുമെന്നും മോഡി

ന്യൂഡല്‍ഹി: കേന്ദ്രം ഭരിച്ച മുന്‍സര്‍ക്കാരുകളേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ഇന്ത്യയിലെ ചിലര്‍ക്കു രാജ്യത്തേക്കാള്‍ കുടുംബമാണു പ്രധാനം. രാജ്യത്തെ മുന്‍ സര്‍ക്കാരുകള്‍ ലാഭമുണ്ടാക്കുന്നതിനും അഴിമതിക്കും വേണ്ടിയാണു പ്രതിരോധ സേനയെ ഉപയോഗിച്ചത്. ബൊഫോഴ്‌സ് മുതല്‍ ഹെലികോപ്റ്റര്‍ കരാര്‍ വരെ, എല്ലാ അന്വേഷണവും ഒരു കുടുംബത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്കു വരാതിരിക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങളെല്ലാമുണ്ടെങ്കിലും ഇന്ത്യയുടെ ആകാശത്ത് റാഫേല്‍ വിമാനങ്ങള്‍ പറക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുന്‍ സൈനികരോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതായും പ്രധാനമന്ത്രി ആരോപിച്ചു.

സൈനിക ക്ഷേമത്തിനു വേണ്ടി എന്‍ഡിഎ സര്‍ക്കാരാണു നടപടികള്‍ സ്വീകരിച്ചത്. ദേശീയ യുദ്ധസ്മാരകത്തിന്റെ ജോലികളില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതു സൈനികരുടെ കുടുംബങ്ങളോടുള്ള അനീതിയാണ്. രാജ്യസുരക്ഷയ്ക്ക് എല്ലാ വിഭാഗങ്ങളുടെയും സംഭാവനകള്‍ അനിവാര്യമാണ്. ഈ ആശയത്തിന്റെ ഭാഗമായാണു വനിതകള്‍ പോര്‍ വിമാനങ്ങളുടെ പൈലറ്റായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version