അസമിലെ വ്യാജമദ്യ ദുരന്തം; ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ 69 മരണം

ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയില പ്ലാന്റേഷനിലെ ജീവനക്കാരാണ് മരിച്ചവരില്‍ ഏറെയും

ഗുവാഹത്തി: അസമിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. മരിച്ചവരില്‍ ഏഴ് സ്ത്രീകളുമുണ്ട്. വ്യാജമദ്യം കഴിച്ച് ഗൊലാഘട്ട് ജില്ലയില്‍ മാത്രം 39 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരവാസ്ഥയില്‍ നിരവധി പേരാണ് ആശുപത്രിയില്‍ ഉള്ളത്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയില പ്ലാന്റേഷനിലെ ജീവനക്കാരാണ് മരിച്ചവരില്‍ ഏറെയും. രണ്ടാഴ്ച മുന്‍പാണ് യുപിയില്‍ വിഷമദ്യ ദുരന്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചത്. അതിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് വീണ്ടും വ്യാജമദ്യ ദുരന്തം ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരമാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തേയിലത്തോട്ടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രാദേശിക മദ്യ നിര്‍മ്മാണ ഫാക്ടറി ഉടമകളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യം എത്തിച്ച കൂടുതല്‍ പേര്‍ക്കായി പോലീസ്‌തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

അതേ സമയം വ്യാജ മദ്യ ദുരന്തത്തെ തുടര്‍ന്ന് സല്‍മാറയിലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഗൊലഘട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ധിരന്‍ ഹസാരിക വ്യക്തമാക്കി.

Exit mobile version