വനപാതയിലൂടെ സഞ്ചരിക്കവെ ബൈക്കില്‍ നിന്നു വീണു; ഇളകി വരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്നും നാല് വയസുകാരിയെ രക്ഷിച്ചത് കാട്ടുകൊമ്പന്‍!

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് ഭയാനകമായ സംഭവം നടന്നത്.

കൊല്‍ക്കത്ത: വനപാത മധ്യേ ബൈക്കില്‍ നിന്നും വീണ നാലു വയസ്സുകാരിയെ കാട്ടാന കൂട്ടത്തില്‍ നിന്നും രക്ഷിച്ച് കാട്ടുകൊമ്പന്‍. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് ഭയാനകമായ സംഭവം നടന്നത്.

വനപാതയിലൂടെ കടന്നുപോകുന്ന ദേശീയപാത 31ലൂടെ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ കുടുംബമാണ് കാട്ടാന കൂട്ടത്തിന്റെ മുന്നില്‍ പെട്ടത്. ഒരു ക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്നു ബിസിനസുകാരനായ നിതുഘോഷും ഭാര്യ തിത്‌ലിയും മകള്‍ അഹാനയും. പെട്ടെന്നാണ് കാട്ടാനക്കൂട്ടം റോഡ് മുറിച്ചു കടന്നത്. ഇതുകണ്ട നിതു ഘോഷ് ബൈക്ക് നിര്‍ത്തി.

കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടന്നശേഷം ഘോഷ് യാത്ര തുടര്‍ന്നെങ്കിലും കുറച്ച് ആനകള്‍ പെട്ടെന്ന് റോഡിലെത്തിയതു കണ്ട് വേഗം ബ്രക്കിടുകയും മൂന്നുപേരും റോഡിലേക്ക് വീഴുകയുമായിരുന്നു.

പെട്ടെന്ന് സംഘത്തില്‍ നിന്നും ഒരു കാട്ടുകൊമ്പന്‍ അഹാനയെ തന്റെ നാലുകാലിനുള്ളിലാക്കി സംരക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റാനകള്‍ പോയ ശേഷമാണ് ആ കാട്ടുകൊമ്പന്‍ പിന്മാറിയത്. അതേസമയം, അപകടത്തില്‍ സാരമായി പരിക്കേറ്റ മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version