പാകിസ്താനെ പിന്തുണയ്ക്കുന്ന സൗദി കിരീടാവകാശിയെ പ്രോട്ടോക്കോള്‍ മറികടന്ന് സ്വീകരിച്ചത് അനൗചിത്യം; മുഹമ്മദ് ബിന്‍ സല്‍മാനെ കെട്ടിപ്പിടിച്ച മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമാനത്താവളത്തിലെത്തി ആശ്ലേഷിച്ച് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാകിസ്താനെ പിന്തുണയ്ക്കുന്ന സൗദി കിരീടാവകാശിയെ പ്രോട്ടോക്കോള്‍ പോലും മറികടന്ന് വിമാനത്താവളത്തിലെത്തി കെട്ടിപ്പിടിച്ച മോഡി രാജ്യതാല്‍പര്യം അവഗണിച്ചെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചത്.

പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അവഗണിച്ചു പാകിസ്താനൊപ്പം സൗദി നടത്തിയ സംയുക്ത പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ മോഡിക്കു ധൈര്യമുണ്ടോയെന്നും സുര്‍ജേവാല ചോദിച്ചു.

എന്നാല്‍, മോഡിയെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് അനാവശ്യ വര്‍ത്തമാനം നടത്തുകയാണെന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

Exit mobile version