പുല്‍വാമ ഭീകരാക്രമണം; സ്ഫോടകവസ്തു പാകിസ്താന്‍ സൈന്യത്തിന്റേതെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍

ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആക്രമണത്തിനായി ഇന്ത്യയില്‍ എത്തിയതായും വിലയിരുത്തുന്നുണ്ട്

ന്യൂഡല്‍ഹി: ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ 39 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ കവര്‍ന്നെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ പാകിസ്താന്‍ സൈന്യത്തില്‍ നിന്ന് ലഭ്യമാക്കിയതാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കി. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഇക്കോ വാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരാക്രമണത്തിന് ആദ്യം കരുതിയത് പോലെ 300 കിലോ സ്ഫോടക വസ്തു ഉപയോഗിച്ചിട്ടില്ലെന്നും 50- 70 കിലോ ആര്‍ഡിഎക്‌സ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സ്‌ഫോടക വസ്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്പേ രാജ്യത്ത് എത്തിച്ചിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഭീകരാക്രമണം നടന്ന പ്രദേശത്തിന്റെ 5- 7കിലോമീറ്റര്‍ പരിധിയിലാണ് ഇത് സ്ഫോടനത്തിനായി ക്രമീകരിച്ചത്. ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആക്രമണത്തിനായി ഇന്ത്യയില്‍ എത്തിയതായും വിലയിരുത്തുന്നുണ്ട്.

Exit mobile version