രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത് ദേശീയതയല്ല! ദേശീയതയുടെ മറവില്‍ വിദ്വേഷം വളര്‍ത്തുകയാണ്; കാശ്മീരികള്‍ ആക്രമിക്കപ്പെടുന്നതില്‍ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

പുല്‍വാമ: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്ത് കശ്മീരികളെ അകാരണമായി വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഇത് തെറ്റാണെന്നും മനുഷ്യത്വ വിരുദ്ധമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

‘ഭീകരാക്രമണത്തിന്റെ പഞ്ചാത്തലത്തില്‍ കാശ്മീരി മുസ്ലീമുകളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം, ഇത് മനുഷ്യത്ത രഹിതവും തെറ്റുമാണ്. ഇത് തന്നെയാണ് തീവ്രവാദികളും അവര്‍ക്ക് കൂട്ട് നില്‍ക്കുന്നവരും ആഗ്രഹിക്കുന്നത്. നിലവില്‍ രാജ്യത്ത് നടക്കുന്നത് ദേശീയതയല്ല. ദേശീയതയുടെ മറവില്‍ വിദ്വേഷം വളര്‍ത്തുകയാണെന്നും’ സ്വര ട്വീറ്റ് ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു. വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദനം അഴിച്ചുവിട്ടത്. 12 ഓളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു.

അലിഗഢ് സര്‍വകലാശാല പരിസരങ്ങളിലും വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹരിയാനയിലെ അംബാലയില്‍ എംഎം സര്‍വകലാശാല വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ഗ്രേറ്റര്‍ കശ്മീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version