‘അനീതിയെ പുഞ്ചിരിയോടെ നേരിട്ട് വീണ്ടും ജയിലിലേക്ക്’: ഉമര്‍ ഖാലിദിന്റെ ചിത്രം പങ്കുവച്ച് സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. അനീതിയെ പുഞ്ചിരിയോടെ നേരിടുകയാണ് ഉമര്‍ ഖാലിദെന്ന് കുറിച്ചാണ് സ്വര ഭാസ്‌കര്‍ ചിത്രം പങ്കുവച്ചത്.

‘സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനെക്കുറിച്ചും പ്രസംഗിച്ചതിന്റെ പേരില്‍ ഈ ധീരനായ യുവാവ് ജയിലിലാണ്. ഇടക്കാല ജാമ്യത്തിന് ശേഷം ഉമര്‍ ഖാലിദ് വീണ്ടും ജയിലിലേക്ക് പോകുന്നു. അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു’- ഉമര്‍ ഖാലിദ് കുടുംബത്തോട് യാത്ര പറഞ്ഞ് പുഞ്ചിരിച്ച് ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് സ്വര ഭാസ്‌കര്‍ കുറിച്ചു.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചത്. ഡിസംബര്‍ 23 മുതല്‍ ഏഴ് ദിവസത്തേക്കാണ് ജാമ്യം ലഭിച്ചത്. ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.

2020ല്‍ നടന്ന ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22നാണ് ഉമറിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. 2020 സെപ്റ്റംബര്‍ 13നാണ് പോലീസ് ഉമര്‍ ഖാലിദിനെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തിയിരുന്നു.


അതേസമയം ഡല്‍ഹി ഖജൂരി ഖാസ് പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസില്‍ ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കര്‍ക്കഡൂമ കോടതിയുടേതാണ് നടപടി. ഉമര്‍ ഖാലിദിനെതിരെ മറ്റൊരു കേസില്‍ യുഎപിഎ ചുമത്തിയതിനാല്‍ അന്ന് പുറത്തിറങ്ങാനായിരുന്നില്ല.

Exit mobile version