‘ഇന്ത്യയിലെ വലതുപക്ഷം ഇസ്രായേലിനെ പിന്തുണക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നു എന്നാണ് അർത്ഥം; വിമർശിച്ച് സ്വര ഭാസ്‌കർ

swara_

ന്യൂഡൽഹി: പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഇന്ത്യയിലെ വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനെ വിമർശിച്ചും നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കർ. ഇന്ത്യയിലെ വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും അതിനർത്ഥം ഏറ്റവും വലിയ തെറ്റ് ചെയ്യുന്നുവെന്നാണ് എന്നും സ്വര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമർശം.

‘പ്രിയപ്പെട്ട ഇസ്രാഈൽ, ഒരു കാര്യം ശ്രദ്ധിക്കുക. ഇന്ത്യയിലെ വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നുവെന്നാണ്. ഗുരുതരമായ കുറ്റം,’ സ്വര ട്വിറ്ററിലെഴുതി.

കഴിഞ്ഞ ദിവസം ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിനെതിരെയും സ്വര രംഗത്തെത്തിയിരുന്നു. ഇസ്രായേൽ ഒരു ഭീകര രാഷ്ട്രമാണെന്നായിരുന്നു സ്വരയുടെ വിമർശനം.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുൽ അഖ്‌സ ശക്തമായ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാർത്ഥിക്കാനായി എത്തിച്ചേർന്നവർക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേർക്കാണ് പരിക്കേറ്റിരുന്നത്. എന്നാൽ ശനിയാഴ്ച ലൈലത്തുൽ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിരകണക്കിന് പാലസ്തീനികൾ വീണ്ടും എത്തിച്ചേർന്നു. തുടർന്ന് അവർക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

ഹമാസ് ഇസ്രായേലിന് നേരേയും ആക്രമണം നടത്തുന്നുണ്ട്. മലയാളി നഴ്‌സ് ഉൾപ്പടെ 30ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

Exit mobile version