ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര റോഡ് ഷോയാക്കി ബിജെപി; ഇവിടെ കണ്ണന്താനത്തിന്റെ സെല്‍ഫി; യുപിയില്‍ റോഡ് ഷോ; ചിരിച്ച് കൈവീശി കാണിച്ച ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ സൈനികരെ വോട്ട് പിടിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാന്‍ ബിജെപി ശ്രമം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര റോഡ് ഷോയാക്കി മാറ്റി ബിജെപി എംപി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സൈനികന്‍ അജിത് കുമാര്‍ ആസാദിന്റെ വിലാപയാത്രയിലാണ് മണ്ഡലത്തിലെ എംപിയായ സാക്ഷി മഹാരാജ് കൈവീശിക്കാണിച്ചതും ജനങ്ങളോട് ചിരിച്ച് ഇടപെട്ടതും. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വയനാട് സ്വദേശിയായ സൈനികന്‍ വസന്തകുമാറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ സംഭവവും പുറത്ത് വന്നത്.

സാക്ഷി മഹാരാജിന്റെ പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറാണ് ട്വിറ്ററില്‍ പങ്കുവച്ചത്. വിലാപയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കുനേരെ സാക്ഷി മഹാരാജ് ചിരിക്കുന്നതും കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ജവാന്റെ മൃതദേഹം ബിജെപി പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നെന്നും വിലാപയാത്ര ബിജെപി റോഡ് ഷോ ആക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

നേരത്തെ, ഭീകരാക്രമണത്തിന്റെ വാര്‍ത്ത വന്നതിനു പിന്നാലെ, ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതു വിവാദമായിരുന്നു. ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി സ്വകാര്യ പരിപാടിയില്‍ ഡാന്‍സ് ചെയ്തതും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി റാലിയില്‍ പങ്കെടുത്തതും രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

Exit mobile version