വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് വീരേന്ദര്‍ സെവാഗ്

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്നറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.

എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്നറിയാമെന്നും എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ ജവാന്‍മാരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസത്തിന്റെയും ചിലവ് ഏറ്റെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും സെവാഗ് ട്വിറ്ററിലൂടെ അറിയിച്ചു.

കൂടാതെ, പുല്‍വാമയില്‍ പൊലിഞ്ഞ ധീരജവാന്മാരുടെ കുടുംബത്തിനായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ 2 കോടി രൂപ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഓരോ ജവാന്‍മാരുടെയും കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് നല്‍കുക. ഇത് വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ക്കായി സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയതായും അമിതാഭ് ബച്ചന്റെ വക്താവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് ഒരു മാസത്തെ ശമ്പളം പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി കൈമാറുമെന്ന് അറിയിച്ചിരുന്നു.

Exit mobile version