‘ ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല, രാജ്യത്തെ ജനങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും’ ; ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ യാവത്മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

യാവത്മാല്‍: 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ യാവത്മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും.’ പ്രധാനമന്ത്രി പറഞ്ഞു.

ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല. രാജ്യത്തെ ജനങ്ങളുടെ വികാരം എനിക്ക് മനസ്സിലാകുമെന്നും, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കഴിഞ്ഞതായി മോഡി വ്യക്തമാക്കി. ആഭ്യന്തര സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Exit mobile version