‘ഈ വീഡിയോ നിങ്ങളിലെത്തുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും’; പുല്‍വാമയില്‍ 39 സൈനികരുടെ ജീവനെടുക്കാന്‍ ചാവേറായത് കാശ്മീര്‍ യുവാവ് ആദില്‍ അഹമ്മദ്; ജയ്‌ഷെയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷം; ആക്രമണത്തിന് മുമ്പുള്ള വീഡിയോ പുറത്ത്

ശ്രീനഗര്‍: 39 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ചാവേറായത് ദില്‍ അഹമ്മദ് ധര്‍ എന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ അവന്തിപോറില്‍ വെച്ചാണ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം ഉണ്ടായത്. ചാവേറായ ആദില്‍, ഗുന്ദിബാഗ് വഗാസ് കമാന്‍ഡോ, ആദില്‍ അഹമ്മദ് തക്‌റന്‍വാല എന്നിങ്ങനെയുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ കഴിഞ്ഞ വര്‍ഷമാണു ഭീകര സംഘടനയിലെത്തിയത്. കാശ്മീരിലെ കാകപോറ സ്വദേശിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്.

സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെ നൂറു കിലോയിലേറെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഇടിച്ചു കയറ്റുകയായിരുന്നു. അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പുറത്തുവന്നു.

‘എന്റെ പേര് ആദില്‍, ഒരു വര്‍ഷം മുന്‍പാണ് ജയ്‌ഷെ മുഹമ്മദില്‍ ചേരുന്നത്. ഈ വീഡിയോ നിങ്ങളിലെത്തുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. ഇതാണ് കാശ്മീരിലെ ജനങ്ങള്‍ക്കുള്ള എന്റെ അവസാനത്തെ സന്ദേശം’- വീഡിയോ ദൃശ്യങ്ങളില്‍ ആദില്‍ പറയുന്നു.

റൈഫിളുകള്‍ കൈയില്‍ പിടിച്ച് ജയ്‌ഷെ മുഹമ്മദിന്റെ ബാനറിനു മുന്നില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ജമ്മുവില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സിആര്‍പിഎഫ് വാഹന വ്യൂഹം യാത്ര പുറപ്പെട്ടത്. എതിര്‍ദിശയില്‍ നിന്ന് വാഹനമോടിച്ചെത്തിയ ചാവേര്‍ സിആര്‍പിഎഫ് ബസിനെ ലക്ഷ്യമിടുകയായിരുന്നു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് 100 മീറ്റര്‍ അകലെ വരെ ചിതറിത്തെറിച്ചു. 2001ലെ ജമ്മു കശ്മീര്‍ നിയമസഭ ലക്ഷ്യമാക്കി നടന്ന ജയ്‌ഷെ ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇതിനു പിന്നാലെ നടന്ന, ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലേത്. 2016ല്‍ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികരാണ് മരിച്ചത്.

Exit mobile version