‘മോഡിജിക്കെന്നോട് വെറുപ്പുണ്ടായിരുന്നു’: അന്നത്തെ ആലിംഗനത്തിലൂടെ അതില്ലാതാക്കി, രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് തന്നോട് ഉണ്ടായിരുന്ന വിദ്വേഷം ഒറ്റ ആലിംഗനം കൊണ്ട് ഇല്ലാതായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘മോഡിജിക്കെന്നോട് വെറുപ്പുണ്ടായിരുന്നു. ഞാന്‍ പോയി അദ്ദേഹത്തെ ആലിംഗനം ചെയ്തു. അതോടെ അദ്ദേഹത്തിനെന്നോടുള്ള വിദ്വേഷത്തെ ഞാന്‍ അവസാനിപ്പിച്ചു’, രാഹുല്‍ ഗാന്ധി പറഞ്ഞു. അജ്മീറില്‍ സേവാദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി ലോകസഭയില്‍ വെച്ച് പൊടുന്നനെ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ച് പ്രധാനമന്ത്രി ബുധനാഴ്ച സഭയില്‍ വീണ്ടുമൊരു പരാമര്‍ശം നടത്തിയിരുന്നു. ആലിംഗനവും ഒരാള്‍ അയാളെ നമുക്ക് നേരെ വലിച്ചെറിയുന്നതും തമ്മിലുള്ള വ്യത്യാസം ഞാന്‍ സഭയില്‍ വെച്ച് ആദ്യമായി മനസ്സിലാക്കി എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

മോഡിയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ആലിംഗനവുമായി ബന്ധപ്പെട്ട് രാഹുലിന്റെ വിശദീകരണം വീണ്ടും വന്നത്.

‘ബിജെപിയും ആര്‍എസ്എസ്സും നമ്മെ അധിക്ഷേപിച്ചാലും നമ്മള്‍ അവരെ സ്നേഹം കൊണ്ട് തോല്‍പ്പിക്കണം. കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കുമെന്ന് എന്നെയും എന്റെ കുടുംബത്തെയും ഇടക്കിടെ ആക്രമിച്ചു കൊണ്ട് മോഡിജി പറയാറുണ്ട്. പക്ഷെ അതിന് പകരമായി ഞാന്‍ അദ്ദേഹത്തിനടുത്തേക്ക് പോയി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു ഞാന്‍’, രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ വെച്ച് മോഡിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ നേരെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹസ്തദാനവും ആലിംഗനവും രാഹുല്‍ നല്‍കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

‘ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ച ശേഷം രാഹുല്‍ മോഡിയുടെ സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്.

എന്നാല്‍, രാഹുലിന്റെ നീക്കത്തില്‍ സ്തംഭിച്ചുപോയ മോഡി മടങ്ങാന്‍ ഒരുങ്ങിയ രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനം നല്‍കുകയുമായിരുന്നു

Exit mobile version