രാജ്യത്തോട് നൂറുശതമാനം നീതി പുലര്‍ത്തി, ഇന്ത്യയെ ആറാമത്തെ സാമ്പത്തിക ശക്തിയാക്കി; അവസാന ലോക്സഭാ സമ്മേളനത്തില്‍ ഭരണ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നും ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. 16-ാം ലോക്സഭയുടെ അവസാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.

ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മോഡി പ്രസംഗം നടത്തിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് കൃത്യമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് രാജ്യം സാക്ഷിയായെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ശരാശി 85 ശതമാനം വിനിയോഗിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് നിരവധി വനിതകള്‍ കേന്ദ്രമന്ത്രിമാരായത്. 16-ാം ലോക്സഭയിലേക്കാണ് ഏറ്റവും അധികം വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇതില്‍ അഭിമാനിക്കണമെന്നും മോഡി പറഞ്ഞു. ഇതില്‍ 44 പേര്‍ ആദ്യമായി അംഗങ്ങളാകുന്നവരാണെന്നും ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ ലോകത്ത് ഇന്ത്യ സ്വന്തമായ സ്ഥാനം രേഖപ്പെടുത്തി. ലോകം കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിലൂടെ പരിശ്രമിച്ചു. സ്വയം പര്യാപ്തത കൈവരിക്കുന്നതില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ച കാണിച്ചു. മേക്ക് ഇന്‍ ഇന്ത്യ അത്തരത്തില്‍ ഒരു ചുവടുവെപ്പായിരുന്നു. രാജ്യത്തിന്റെ ആത്മവിശ്വാസം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും മോഡി അവകാശപ്പെട്ടു. ഇതൊരു നല്ല സൂചനയാണെന്നും വികസനത്തിന്റെ കുതിപ്പിന് അത് കളമൊരുക്കുമെന്നും വ്യക്തമാക്കി.

വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയൊരു കാഴ്ചപ്പാട് ഉയര്‍ന്നുവന്നു. നേപ്പാളിലെ ഭൂകമ്പം, മാലദ്വീപിലെ ജലക്ഷാമം തുടങ്ങിയ സമാനമായ സാഹചര്യങ്ങള്‍ അയല്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്നപ്പോള്‍ മനുഷ്യത്വപരമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്.

ഈ ലോക്സഭയാണ് ജിഎസ്ടി പാസാക്കിയത്. സഹകരണത്തിന്റെ പുതിയൊരു മനോഭാവം ജിഎസ്ടി നടപടിക്രമങ്ങളില്‍ ഉയര്‍ന്നുവന്നു. കള്ളപ്പണത്തിനെതിരായ നിയമങ്ങള്‍ പാസാക്കിയത് ഈ ലോക്സഭയാണ്. അനാവശ്യമായ 1400 ല്‍ അധികമുള്ള നിയമങ്ങള്‍ ഈ സഭ റദ്ദുചെയ്തുവെന്നും മോഡി അവകാശപ്പെട്ടു.

Exit mobile version