പ്രതിരോധമന്ത്രി പോലും അറിഞ്ഞില്ല, എന്നിട്ടും! ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും റാഫേല്‍ കരാറില്‍ ഒപ്പിടുമെന്ന് പത്ത് ദിവസം മുമ്പ് അംബാനി എങ്ങനെ അറിഞ്ഞു; ചോദ്യശരങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അനില്‍ അംബാനിക്കുമെതിരെ ചോദ്യ ശരങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറില്‍ ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും കരാറില്‍ ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രതിരോധ മന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ചോദിച്ചു.

റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയെ അവഗണിച്ചുകൊണ്ട് നരേന്ദ്ര മോഡിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയതെന്നും ഇടപാടിന് മുമ്പ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി ഇടനിലക്കാരനായി കൂടിക്കാഴ്ച നടത്തിയെന്നും പറഞ്ഞ രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന ഇ-മെയിലും പുറത്തുവിട്ടു.

വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ സുരക്ഷ അവതാളത്തിലാക്കിയ മോഡിക്കെതിരെ കേസെടുക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ മോഡി തന്നെയാണ് ചോര്‍ത്തിയതെന്നും അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

Exit mobile version