രാജസ്ഥാന്‍ റോയല്‍സ് ഇനി നീലയല്ല, പുതിയ സീസണില്‍ പുതിയ കളര്‍

പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ജഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തി

ജയ്പൂര്‍: പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ജഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തി . ഐപിഎല്‍ 12-ാം സീസണില്‍ നീല ജഴ്സി ഒഴിവാക്കി ടീം പിങ്ക് ജഴ്സിയിലാണ് മൈതാനത്തിറങ്ങുക. ആരാധകരുടെ ആവശ്യം ടീം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. ടീമിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിനേയും നിയമിച്ചു.രാജസ്ഥാന്‍ ടീം ജഴ്സി മാറ്റിയ വിവരം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ മാത്രം ടീം പിങ്ക് ജഴ്സിയില്‍ എത്തിയിരുന്നു. കാന്‍സര്‍ രോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഈ ജഴ്സിയില്‍ രാജസ്ഥാന്‍ ടീം തുടരണമെന്ന ആരാധകരുടെ നിരന്തരമായ ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്.

രാജസ്ഥാനും പിങ്കും തമ്മില്‍ ഏറെ ബന്ധവുമുണ്ട്. ജയ്പൂര്‍ അറിയപ്പെടുന്നത് പിങ്ക് സിറ്റി എന്ന പേരിലാണ്. ജോധ്പൂര്‍ പിങ്ക് സാന്‍ഡ്സ്റ്റോണിന് പ്രസിദ്ധമാണ്. ഉദയ്പൂരില്‍ പിങ്ക് മാര്‍ബിളുകളും ഉദ്പാദിപ്പിക്കുന്നു. ഇത്തരത്തില്‍ പിങ്ക് രാജസ്ഥാന് ചേരുന്ന നിറമാണെന്ന് ടീം മാനേജിമന്റിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആദ്യ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള ഷെയ്ന്‍ വോണ്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറുമായി. ജഴ്സിയിലും മറ്റും മാത്രമായിരിക്കില്ല മാറ്റമെന്നും ടീമിന്റെ കളിയിലും പ്രകടമായ മുന്നേറ്റമുണ്ടാകുമെന്നും ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്.

Exit mobile version