ഒരാള്‍ക്ക് രോഗലക്ഷണം, പരിശോധിച്ചപ്പോള്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കൊറോണ, ആശങ്ക

ജയ്പുര്‍: ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജസ്ഥാനിലാണ് സംഭവം. പിങ്ക് സിറ്റിയിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എല്ലാവരേയും ആശുപത്രിയിലേക്കു മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാള്‍ക്കു കൊറോണ ലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വീട്ടിലെ എല്ലാവരും കൊറോണ ബാധിതരാണെന്നു കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വൈറസ് ബാധിതരെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

നഗരത്തില്‍ ഏറ്റവുമധികം കൊറോണ ബാധിതരുള്ള സ്ഥലങ്ങളിലൊന്നാണു പിങ്ക് സിറ്റി പ്രദേശം. രാജസ്ഥാനിലും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനോടകം 11,020 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 2,321 കേസുകളും ജയ്പുരിലാണ്.

സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച 251 പേരില്‍ 117 കേസുകളും ജയ്പൂരില്‍ത്തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണ പിടിമുറുക്കിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Exit mobile version