അംബാനിക്കു കൊള്ളയടിക്കാന്‍ മോഡി വാതില്‍ തുറന്നുനല്‍കി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

787 കോടി യൂറോയുടെ ഇടപാടില്‍ മോഡി സര്‍ക്കാര്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ ആക്രമണം.

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിനെതിരേ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 30,000 കോടി രൂപ കൊള്ളയടിക്കാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ അനില്‍ അംബാനിക്ക് വാതില്‍ തുറന്നിട്ടുനല്‍കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 787 കോടി യൂറോയുടെ ഇടപാടില്‍ മോഡി സര്‍ക്കാര്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ ആക്രമണം.

മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ നല്‍കിയതായാണ് ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇടപാടില്‍ മോഡി സര്‍ക്കാര്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി. സര്‍ക്കാര്‍തല കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അഴിമതിവിരുദ്ധ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. ഒരു എസ്‌ക്രോ അക്കൗണ്ടിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും കരാറില്‍നിന്ന് ഒഴിവാക്കി.

അഴിമതിവിരുദ്ധ ചട്ടം ഇളവ് ചെയ്തതിലൂടെ വിമാനം കൈമാറേണ്ട എംബിഡിഎ ഫ്രാന്‍സും ദസോ ഏവിയേഷനും പിഴയടക്കമുള്ള ശിക്ഷാനടപടികളില്‍നിന്ന് ഒഴിവായി. ദസോ ഏവിയേഷന്‍ വിമാന വിതരണക്കാരും എംബിഡിഎ ഫ്രാന്‍സ് ആയുധ പാക്കേജ് വിതരണക്കാരുമാണ്. ചട്ടം ഇളവു ചെയ്തതിനാല്‍ ഇടപാടിനെ സ്വാധീനിക്കുക, ഇടനിലക്കാര്‍, കമ്മീഷന്‍, അക്കൗണ്ടുകളിലെ തിരിമറി എന്നിവയ്‌ക്കെതിരേ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. 2016 സെപ്റ്റംബര്‍ 23-നാണ് കരാറില്‍ ഒപ്പിട്ടത്.

അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ചട്ടങ്ങളില്‍ ഇളവു വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവായി.

ഇടപാടില്‍ ഫ്രഞ്ചു സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃത സമാന്തര ഇടപെടല്‍ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും കൂടിയാലോചനകള്‍ക്കായുള്ള ഇന്ത്യന്‍ സംഘവും ചര്‍ച്ച നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടല്‍ രാജ്യതാത്പര്യങ്ങള്‍ക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ കുറിപ്പെഴുതിയതാണ് പുറത്തുവന്നത്.

Exit mobile version