കമല്‍ഹാസനെ പിന്തുണച്ച് കോണ്‍ഗ്രസ്; സ്റ്റാലിന്റെ ‘ഭാവി’യാലോചിച്ച് അസംതൃപ്തരായി ഡിഎംകെ!

ചെന്നൈ: നടന്‍ കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതിമയ്യത്തെ ഡിഎംകെ മുന്നണിയിലെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം. എന്നാല്‍, അതൃപ്തി അറിയിച്ച് ഡിഎംകെ വൃത്തങ്ങള്‍ രംഗത്ത് വന്നേക്കുമെന്നാണ് സൂചന. കമല്‍ഹാസന്‍ മുന്നണിയില്‍ എത്തിയാല്‍ സ്റ്റാലിന്റെ പ്രാമുഖ്യം നഷ്ടപ്പെടുമോ എന്നാണ് ഡിഎംകെയുടെ ആശങ്ക. മക്കള്‍ നീതി മയ്യത്തിന്റെ രൂപീകരണം മുതല്‍ കമല്‍ ഹാസന്‍ ബിജെപിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്.

കമല്‍ ഹാസനെ കൂടെ കൂട്ടിയാല്‍ മതേതര വോട്ടുകള്‍ ചിതറാതിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രചാരണം ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കൂടുതല്‍ സഹായകമാകുമെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് അഴഗിരി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഡിഎംകെ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ കമല്‍ ഹാസനെ ക്ഷണിച്ചിരുന്നില്ല.

അതേസമയം, ഡിഎംകെയുടെ മുന്നണിയില്‍നിന്നും പുറത്തു വന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്നു കമല്‍ മുന്‍പ് പ്രസ്താവന നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ളയാളാണ് കമല്‍ ഹാസന്‍. ചെന്നൈയിലെ ഒരു മണ്ഡലം നല്‍കി കമലിനെ സഖ്യത്തിലുള്‍പ്പെടുത്തണമെന്നാണ് തമിഴക കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Exit mobile version