ഗിയറ് പൊട്ടി, മുളവടി ഗിയര്‍ ലിവറാക്കി ഡ്രൈവര്‍; അപകടകരമായി സ്‌കൂള്‍ ബസോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: സ്‌കൂള്‍ ബസിന്റെ ഗിയറായി മുള വടി ഉപയോഗിച്ച് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) മുംബൈയില്‍ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് മധു പാര്‍ക്കിന് സമീപത്തുവെച്ച് ഒരു ബിഎംഡബ്ല്യു കാറിനെ ഇടിച്ചതോടെയാണ് മുള വടി ഡ്രൈവിങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന് പിടിച്ച കാര്‍ ഉടമ ബസ് ഡ്രൈവറോട് സംസാരിക്കുന്നതിനിടയിലാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കാണുന്നത്.

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കയും ചെയ്തു.

279, 336 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത രാജ് കുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം പൊട്ടിയ ഗിയര്‍ ലിവര്‍ നന്നാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്നാണ് രാജ് കുമാര്‍ ചോദ്യം ചെയ്യലിനിടയില്‍ പോലീസിനോട് പറഞ്ഞത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുള വടിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചതെന്നും പോലിസ് വ്യക്തമാക്കി. ബസില്‍ സഞ്ചരിച്ച കുട്ടികളെല്ലാം സുരക്ഷിതരാണ്, സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version