ക്ഷേത്രവിഗ്രഹത്തിലെ സ്വര്‍ണ മോഷണം; യുവപൂജാരി അറസ്റ്റില്‍

മുംബൈ: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റ് ചെയ്തു. മുംബൈയിലെ മാലാട് എന്ന സ്ഥലത്തെ വിഷ്ണു നാരായണ്‍ ക്ഷേത്രത്തിലെ പൂജാരിയായ സുകേതോ രോഹിതിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട പൂജാരിയെന്ന് മാലാട് പോലീസ് വ്യക്തമാക്കി. രാത്രിയില്‍ എല്ലാവരും ഉറങ്ങിയ ശേഷം വിഗ്രഹത്തിലുള്ള ആഭരണങ്ങളുമായി മുങ്ങുകയാണ് പൂജാരിയുടെ സ്ഥിരംപരിപാടി.
ഇയാള്‍ക്കെതിരെ പൂനെ,മുംബൈ,കോലാപ്പുര്‍, തുടങ്ങി ഗുജറാത്തിലെ വിവിധ ജില്ലകളില്‍ കേസ് നിലവിലുണ്ട്. ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതിനാണ് ഇയാള്‍ക്കെതിരെയുള്ള മിക്ക കേസുകളും.

ആദ്യമെ കവര്‍ച്ച ചെയ്യാനുള്ള ക്ഷേത്രങ്ങള്‍ തിരഞ്ഞെടുക്കും. ശേഷം ഇവിടെയെത്തി ക്ഷേത്രഭാരവാഹികളോട് ചങ്ങാത്തം കൂടും. ഇവരുടെ വിശ്വാസം നേടിയശേഷം പ്രതിഫലമില്ലാതെ ക്ഷേത്രത്തിലെ ജോലി ചെയ്യാമെന്ന് വാഗ്ദാനം ചെയ്യും. പൂജാരി പരമ ഭക്തനാണെന്ന് കരുതി ഭാരവാഹികള്‍ പൂജാരിയെ നിയമിക്കും.

രണ്ട് മാസത്തോളം ആര്‍ക്കും സംശയമില്ലാതെ പൂജാ ജോലിചെയ്ത ശേഷം ഇയാള്‍ ഒരു ദിവസം രാത്രിയില്‍ എല്ലാവരും ഉറങ്ങിയ ശേഷം വിഗ്രഹത്തിലുള്ള ആഭരണങ്ങളുമായി മുങ്ങും.

ഈ രീതിയില്‍ തന്നെയാണ് വിഷ്ണുനാരായണ്‍ ക്ഷേത്രത്തിലെയും ആഭരണങ്ങള്‍ പൂജാരി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൂജാരിയാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്.

Exit mobile version