നെടുങ്കണ്ടം ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: കാണിക്ക വഞ്ചിയിലെ സ്വര്‍ണവും പണവും സിസിടിവി ക്യാമറകളും കവര്‍ന്നു

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. സിസിടിവി തകര്‍ത്ത ശേഷമാണ് ശ്രീകോവില്‍ കുത്തി തുറന്ന് മോഷണം നടത്തിയത്. തുടര്‍ന്ന് സിസിടിവി ക്യാമറകളും മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കള്ളന്‍ കൊണ്ടുപോയി.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്നത്. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് റൂമില്‍ ഉണ്ടായിരുന്ന അലമാരയില്‍ നിന്നും സ്വര്‍ണവും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി പറഞ്ഞു. എന്നാല്‍ കാണിക്ക വഞ്ചിയില്‍ നിന്നും നോട്ടുകള്‍ മാത്രമാണ് പ്രതികള്‍ മോഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ മഹാസ്‌കന്ദ ഷഷ്ഠി പൂജ നടന്നിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത പൂജയായിരുന്നു നടന്നത്. ഇത് മനസ്സിലാക്കിയാകാം മോഷ്ടാവ് എത്തിയതെന്നാണ് ക്ഷേത്ര ഭരണസമിതി പറയുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് സൂചന. വിവരമറിഞ്ഞ് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version