മരണവണ്ടി പാഞ്ഞടുത്തു..! ചതഞ്ഞരയും മുമ്പ് കുഞ്ഞിനെ ആ അച്ഛന്‍ വലിച്ചെറിഞ്ഞു; കുഞ്ഞ് നിലത്തുവീഴാതെ മീനാദേവി ചാടി പിടിച്ചു; എല്ലാം സംഭവിച്ചത് സെക്കന്‍ഡുകള്‍ക്കുള്ളില്‍

അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ട്രെയിന്‍ ഇടിച്ച് 61പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കണ്ണുനനയിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. മരണവണ്ടി പാഞ്ഞു വരുന്നത് കണ്ട് കൈയ്യിലിരുന്ന കുഞ്ഞിനെ രക്ഷിക്കാനായി അച്ഛന്‍ വലിച്ചെറിഞ്ഞു. എന്നാല്‍ അതിസഹസികമായി കുഞ്ഞിനെ രക്ഷപെടുത്തിയത് സാധാരണക്കാരിയായ വീട്ടമ്മയാണ്.

ദസറ ആഘോഷം കണ്ടുനില്‍ക്കെ ട്രെയിന്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുവരുന്നത് കണ്ടതോടെ ബുദ്ധിറാം എന്നയാള്‍ കൈയിലിരുന്ന കുഞ്ഞിനെ ദുരേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞെങ്കിലും രക്ഷപ്പെടട്ടേയെന്ന വിചാരത്തോടെയായിരുന്നു ഈ കൃത്യമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രെയിന്‍ വന്നു മുട്ടിയതും കയ്യിലിരുന്ന പിഞ്ചു കുഞ്ഞിനെ അയാള്‍ വലിച്ചെറിഞ്ഞതുമെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ ആയിരുന്നു. ട്രെയിന്‍ ചതച്ചരയ്ക്കും മുമ്പ് അയാള്‍ എടുത്തെറിഞ്ഞ കുഞ്ഞ് നിലത്തുവീഴാതെ മീനാദേവി ചാടി പിടിച്ചു.

തലയ്ക്ക് ചെറിയ പരുക്കേറ്റ കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി ഇവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് അധികൃതരുടെ സഹായത്തോടെ കുട്ടിയുടെ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു. വിശാല്‍ എന്നാണ് കുട്ടിയുടെ പേര്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ രാധികയ്ക്ക് പരിക്കേറ്റു. ഇവര്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ഭര്‍ത്താവും മകനും മരണമടഞ്ഞു. കുഞ്ഞിന്റെ രക്ഷകയായ മീനദേവി നേപ്പാള്‍ സ്വദേശിനിയാണ്. വീട്ടുജോലിക്കായാണ് മീനേദേവി ഇന്ത്യയിലെത്തിയത്.

Exit mobile version