അന്ന് ആറാം നിരയില്‍, ഇന്ന് മുന്‍ നിരയില്‍! അവഗണിച്ചവരെ കൊണ്ട് തന്നെ അംഗീകരിപ്പിച്ച് രാഹുലിന്റെ മുന്നേറ്റം, താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയ

ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രത്തെ ഏറ്റെടുക്കുന്നത്.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കേ റിപ്പബ്ലിക്ക് ദിനാഘോഷ വേദിയില്‍ ആറാമത്തെ വരിയില്‍ ഇരുന്നിരുന്ന രാഹുലിന്റെ ചിത്രം ചേര്‍ത്തുവെച്ചാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് രാഹുലിനെ പിന്തള്ളിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ അതേ ആള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മുന്‍നിരയില്‍ എത്തി.

അവഗണിച്ചവരെ കൊണ്ട് തന്നെ അംഗീകരിപ്പിക്കുന്നതാണ് രാഹുലിന്റെ മുന്നേറ്റം എന്ന തലത്തിലാണ് സംഭവം വൈറലാകുന്നത്. ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രത്തെ ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം എല്‍ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് മുന്‍ നിരയില്‍ സ്ഥാനം നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ ഇരിപ്പിടം ഒരുക്കുകയായിരുന്നു.

വിവാദം കനത്തപ്പോഴും യാതൊന്നും പ്രതികരിക്കാതെ രാഹുല്‍ ആറാം നിരയില്‍ തന്നെ ഇരുന്ന് പരിപാടി വീക്ഷിക്കുകയായിരുന്നു. ഇത്തവണ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ സീറ്റിന് തൊട്ടപ്പുറമായിരുന്നു രാഹുലിനിന്റെ ഇരിപ്പിടം. മൂന്ന് സീറ്റുകള്‍ക്ക് അപ്പുറത്ത് ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഉണ്ടായിരുന്നു. രാഹുലിന്റെ വളര്‍ച്ച ബിജെപി അംഗീകരിച്ചിരിക്കുന്ന എന്നതിന്റെ സൂചനയാണിതെന്നാണ് ഉയരുന്ന വാദം.

Exit mobile version