ചിത്രം പകര്‍ത്തുന്നതിനിടെ സ്റ്റെപ്പില്‍ നിന്നും താഴെയ്ക്ക് തലയടിച്ചു വീണു; എല്ലാവരും നോക്കി നിന്നപ്പോള്‍ ഓടി വന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി! വീഡിയോ വൈറല്‍

ഫോട്ടോഗ്രാഫര്‍ വീഴുന്നത് കണ്ട് ചുറ്റുമുണ്ടായിരുന്നവര്‍ ഒരു നിമിഷം പകച്ചുനിന്നപ്പോള്‍ രാഹുല്‍ ഗാന്ധി പെട്ടെന്ന് തന്നെ എത്തി പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: തന്റെ ചിത്രം പകര്‍ത്തുന്നതിനിടെ വീണ ഫോട്ടോഗ്രാഫറെ ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്. ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഇദ്ദേഹം പടിക്കെട്ടില്‍ നിന്നും കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണത്.

ഫോട്ടോഗ്രാഫര്‍ വീഴുന്നത് കണ്ട് ചുറ്റുമുണ്ടായിരുന്നവര്‍ ഒരു നിമിഷം പകച്ചുനിന്നപ്പോള്‍ രാഹുല്‍ ഗാന്ധി പെട്ടെന്ന് തന്നെ എത്തി പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍.

രാഹുലിന്റെ ഈ നടപടിയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുന്നുണ്ട്. എന്തുചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ പരുങ്ങിനിന്നപ്പോഴും സെക്കന്റുകള്‍ക്കുള്ളില്‍ രാഹുല്‍ സഹായത്തിനായി എത്തിയെന്നും രാഹുല്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു. നിറഞ്ഞ അഭിനന്ദനങ്ങളും ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട്.

Exit mobile version