റേപ് ഇൻ ഇന്ത്യ പരാമർശം; ബിജെപി വെറുതെ വിവാദമാക്കേണ്ട മാപ്പ് പറയില്ല; മോഡിയുടെ ഡൽഹി റേപ്പിന്റെ തലസ്ഥാനമെന്ന പ്രസംഗം ഓർമ്മിപ്പിച്ച് രാഹുൽ

ന്യൂഡൽഹി: ‘റേപ് ഇൻ ഇന്ത്യ’ പരാമർശം പാർലമെന്റിന്റെ ഇരുസഭകളേയും പ്രക്ഷുബ്ധമാക്കിയെങ്കിലും മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിവാദമാക്കിയെന്നു കരുതി തന്റെ പരാമർശത്തിൽ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും രാഹുൽ ബിജെപിയെ കുറ്റപ്പെടുത്തി. ഒപ്പം ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വിശേഷിപ്പിക്കുന്ന വീഡിയോയും രാഹുൽ ട്വീറ്റ് ചെയ്തു.

വടക്കുകിഴക്കൻ മേഖലയെ ചുട്ടെരിക്കുന്നതിനും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിനും ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് വിളിച്ചതിനും മോഡി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

നേരത്തെ രാഹുൽ ഗാന്ധി നടത്തിയ ‘മെയ്ക്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. പരാമർശം രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബിജെപി എംപിമാർ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും ബിജെപി വിഷയം ഉയർത്തി.

Exit mobile version