റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയത് മദ്യലഹരിയില്‍; എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു; വധശ്രമത്തിന് കേസ്

ആനന്ദ്‌സിങ്ങിനോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നതായും ഗണേഷ് പറഞ്ഞു.

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനിടെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അനോന്യം ഏറ്റുമുട്ടി ആശുപത്രിയിലായ സംഭവം പാര്‍ട്ടിക്ക് നാണക്കേടാകുന്നു. റിസോര്‍ട്ടില്‍ മദ്യപാനത്തിനിടെയാണ് എംഎല്‍എ ജെഎന്‍ ഗണേഷ് മറ്റൊരു എംഎല്‍എയായ ആനന്ദ്‌സിങിനെ ആക്രമിച്ചത്. പിന്നാലെ ജെഎന്‍ ഗണേഷിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. മദ്യക്കുപ്പി കൊണ്ട് അടിയേറ്റ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗണേഷിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കണ്ണിന് ഉള്‍പ്പെടെ പരിക്കേറ്റ ആനന്ദ്‌സിങ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിഡാദി ഈഗിള്‍ടണ്‍ റിസോര്‍ട്ടിലുണ്ടായ അടിപിടി മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ് ആദ്യം ശ്രമിച്ചത്. വിജയനഗരം എംഎല്‍എയായ ആനന്ദ്‌സിങ്ങിന്റെ നില ഗുരുതരമായി തുടര്‍ന്ന സാഹചര്യത്തില്‍ നേതൃത്വത്തിനു സംഭവം പുറംലോകത്തെ അറിയിക്കാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ കെജെ ജോര്‍ജ്, കെബി ഗൗഡ എന്നിവരാണ് അംഗങ്ങള്‍.

അതേസമയം, ബോധപൂര്‍വ്വം ചെയ്തതല്ലെന്നും തര്‍ക്കത്തിനിടെ കൈവിട്ടുപോയതാണെന്നും ഗണേഷ് പറയുന്നു ആനന്ദ്‌സിങ്ങിനോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നതായും ഗണേഷ് പറഞ്ഞു.

ഗണേഷും ആനന്ദ്‌സിങ്ങും തമ്മില്‍ പൂര്‍വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഗണേഷിന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്ന് ആനന്ദ്‌സിങ്ങിന്റെ അനന്തരവന്‍ സന്ദീപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപാനത്തിനിടെ പഴയകാര്യങ്ങള്‍ പറഞ്ഞു തര്‍ക്കവും ഏറ്റുമുട്ടലുമായി. ആനന്ദ്‌സിങ്ങിന്റെ ശരീരത്തില്‍ പല ഭാഗത്തും മുറിവുണ്ട്.

Exit mobile version