ബിജെപി ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാന്‍ ഇനിയും വൈകും; ആന്ധ്രയിലെ നാല് എംഎല്‍എമാരില്‍ ഒരാള്‍ പാര്‍ട്ടിവിട്ടു! സ്ഥാനം രാജി വെച്ചു

ദക്ഷിണേന്ത്യയില്‍ കാലുറപ്പിച്ച് നില്‍ക്കാനാകാതെ പതറി ബിജെപി.

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ കാലുറപ്പിച്ച് നില്‍ക്കാനാകാതെ പതറി ബിജെപി. ആന്ധ്രപ്രദേശില്‍ ആകെ ബിജെപിക്ക് സ്വന്തമായുണ്ടായിരുന്ന നാല് എംഎല്‍എമാരില്‍ ഒരാളായ അകുല സത്യനാരായണ പാര്‍ട്ടിവിട്ടു. എംഎല്‍എ സ്ഥാനവും സത്യനാരായണ രാജിവെച്ചിട്ടുണ്ട്.

തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് ആന്ധ്രയിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത്. രാജമഹേന്ദ്രവരം എംഎല്‍എയാണ് അകുല സത്യനാരായണ്‍. നിയമസഭ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് അകുല സത്യനാരായണന്‍ രാജിക്കത്ത് കൈമാറി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണക്ക് അകുല സത്യനാരായണ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന കത്ത് കൈമാറിയിട്ടുണ്ട്. നടന്‍ പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടിയില്‍ ചേരുമെന്ന് അകുല സത്യനാരായണ അറിയിച്ചിട്ടുണ്ട്.

നേരത്തെ ടിഡിപിയും ബിജെപിയുമായുള്ള സഖ്യം പിന്‍വലിച്ചിരുന്നു. ഇതോടെ ആന്ധ്രപ്രദേശില്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

Exit mobile version