‘ബിജെപിയുടെ വിജയം ഉറപ്പാക്കണം’; കീഴുദ്യോഗസ്ഥയ്ക്ക് കളക്ടറുടെ നിര്‍ദേശം; ചാറ്റ് പുറത്തായതോടെ കത്തിക്കയറി വിവാദം

കളക്ടര്‍ അസിസ്റ്റന്‍ഡ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ക്ക് മെസേജിലൂടെ നിര്‍ദേശം നല്‍കിയ സംഭവം വിവാദമാകുന്നു.

ഭോപ്പാല്‍: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശാഹ്‌ദോള്‍ കളക്ടര്‍ അസിസ്റ്റന്‍ഡ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ക്ക് മെസേജിലൂടെ നിര്‍ദേശം നല്‍കിയ സംഭവം വിവാദമാകുന്നു. വാട്‌സ്ആപ്പ് ചാറ്റിലൂടെയാണ് കളക്ടര്‍ കീഴുദ്യോഗസ്ഥയ്ക്ക് ബിജെപിയെ അനുകൂലിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശം കൈമാറിയത്.

മധ്യപ്രദേശില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ബിജെപി അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മേലുദ്യോഗസ്ഥ ആവശ്യപ്പെടുകയായിരുന്നു. കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് പുറത്തായത്. ഇത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ജയ്ത്പുര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ ധുര്‍വേ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ തമ്മില്‍ ആശയവിനിമയം നടന്നത്.

കളക്ടറുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഭാവിയില്‍ തനിക്കെന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ഡെപ്യൂട്ടി കളക്ടര്‍ തിരിച്ച് ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ച് പേടിക്കേണ്ടെന്നാണ് തുടര്‍ന്ന് കളക്ടറുടെ മറുപടി. ബിജെപി വിജയിച്ചാല്‍ പൂജ തിവാരിയെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആക്കി നിയമിക്കാമെന്നും കളക്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സന്ദേശം കെട്ടിച്ചമച്ചതാണെന്നും ആരോപിക്കപ്പെടുന്ന കാര്യങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും കളക്ടറും സബ് കളക്ടറും പ്രതികരിച്ചു. ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല.

ശക്തമായ മത്സരം നടന്ന ജയ്ത്പുരില്‍ ബിജെപിയുടെ മനീഷ് സിങ് കോണ്‍ഗ്രസിന്റെ ഉമ ധുര്‍വേയെ നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ നിരവധി ഉദ്യോഗസ്ഥര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Exit mobile version