ഇനിയും വഴങ്ങാതെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍; മുംബൈയില്‍ നിന്നും മടങ്ങിയെത്തിയില്ല; ബിജെപി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്കും; ഇനിയും അവസാനിക്കാതെ കര്‍’നാടകം’

മന്ത്രിസ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളോട് ഇവര്‍ പ്രതികരിച്ചിട്ടുമില്ല.

ബംഗളൂരു: കര്‍ണാടക പിടിക്കാന്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര സജീവമായി തന്നെ നിലനില്‍ക്കുന്നെന്ന് സൂചന. ഇന്ന് വൈകിട്ട് 3.30ന് വിധാന്‍സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കാനിരിക്കെ, വിമതര്‍ പങ്കെടുക്കുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. 10 എംഎല്‍എമാരെങ്കിലും വിട്ടു നിന്നാല്‍ വീണ്ടുമൊരു അട്ടിമറി ശ്രമം കൂടി നടത്താന്‍ ബിജെപിക്ക് ഊര്‍ജം ലഭിച്ചേക്കും.

അതേസമയം, ബിജെപി എത്രത്തോളം ഓപ്പറേഷന്‍ താമര ശ്രമങ്ങള്‍ നടത്തിയാലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

എന്നാല്‍, മുംബൈ റിനൈസന്‍സ് ഹോട്ടലില്‍ തമ്പടിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് ജാദവ്, മഹേഷ് കുമത്തല്ലി എന്നിവര്‍ ഇനിയും മടങ്ങിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് തലവേദനയായിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചയോടെ ഇവര്‍ ബംഗളൂരുവില്‍ തിരിച്ചെത്തുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഇവരെത്തിയിട്ടില്ല.

ഒപ്പം, ബെല്ലാരിയില്‍ കേസുള്ളതിനാല്‍ കക്ഷിയോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ബി നാഗേന്ദ്ര എംഎല്‍എ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളോട് ഇവര്‍ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടിയുണ്ടാകുമെന്ന് കോണ്‍-ദള്‍ ഏകോപന സമിതി ചെയര്‍മാന്‍ സിദ്ധരാമയ്യ മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്. അതിനിടെ ഹരിയാനയിലുള്ള 85 ബിജെപി എംഎല്‍എമാരില്‍ ചിലരെ മറ്റൊരു റിസോര്‍ട്ടിലേക്ക് നീക്കിയതായും സൂചനയുണ്ട്.

Exit mobile version