ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപി ഭരണം പിടിക്കും! അവകാശവാദത്തിന് ഒടുവില്‍ ഹരിയാനയിലേക്ക് വണ്ടി കയറിയ യെദ്യൂരപ്പ തേഞ്ഞൊട്ടി തിരിച്ച് വന്നു; കര്‍ണാടക സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കിടിലന്‍ തന്ത്രമിറക്കി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക അന്ത്യം. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ മറിച്ചിട്ട് ഭരണം പിടിക്കാനായി ബിജെപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ യെഡ്യൂരപ്പ നടത്തിയ നാടകങ്ങള്‍ പൊളിഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ തിരിച്ചടിയില്‍ പദ്ധതികള്‍ തകര്‍ന്നതോടെ, എംഎല്‍എമാരെ ചാക്കിടാനായി ഹരിയാനയിലെ റിസോര്‍ട്ടിലെത്തി തന്ത്രങ്ങള്‍ മെനയുകയായിരുന്ന യെദ്യൂരപ്പ ബംഗളൂരുവിലേക്ക് തന്നെ തിരിച്ചെത്തി.

സ്ഥിരമായി പയറ്റാറുള്ള ഭരണപക്ഷത്തെ എംഎല്‍എമാരെ ചാക്കിലാക്കി കൂറ്മാറ്റി സ്വന്തം പക്ഷത്ത് എത്തിച്ച് അട്ടിമറി നടത്താനുള്ള ശ്രമങ്ങളാണ് ഇത്തവണയും ബിജെപി നടത്തിയത്. എന്നാല്‍, ഭരണപക്ഷത്തെ വിമതരെ മുംബൈയിലെത്തിച്ച് നടത്തിയ ശ്രമങ്ങള്‍ അവസാന നിമിഷം പാളുകയായിരുന്നു.

മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ തങ്ങുന്ന 5 കോണ്‍ഗ്രസ് വിമതര്‍ക്കു നേതൃത്വം നല്‍കുന്ന രമേഷ് ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടു വിളിച്ചു മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്.

അവിടെ പാര്‍പ്പിച്ചിട്ടുള്ള മറ്റു ബിജെപി എംഎല്‍എമാരും ഇന്നും നാളെയുമായി തിരിച്ചെത്തും. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ തങ്ങുന്ന 5 കോണ്‍ഗ്രസ് വിമതര്‍ക്കു നേതൃത്വം നല്‍കുന്ന രമേഷ് ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടു വിളിച്ചു മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നാണു വിവരം. ജാര്‍ക്കിഹോളിക്കൊപ്പമുള്ള ശ്രീമന്ത് പാട്ടില്‍, മഹേഷ് കുമത്തല്ലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ് തുടങ്ങിയവര്‍ ഇന്നു പുലര്‍ച്ചെ ബംഗളൂരുവില്‍ മടങ്ങിയെത്തിയെന്നാണ് സൂചന. മറ്റൊരു വിമതന്‍ ഭീമ നായക് ഇന്നലെയെത്തിയിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ നാഗേഷിനു ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കും.

വിമതരെ അനുനയിപ്പിക്കാന്‍ 5 കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്ഥാനത്യാഗത്തിനും തയ്യാറായതായി ഡികെ സുരേഷ് എംപി പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഡികെ ശിവകുമാര്‍, കെജെ ജോര്‍ജ്, പ്രിയങ്ക് ഖര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണു രാജിക്ക് ഒരുങ്ങിയതെങ്കിലും ഇവരെ ഒഴിവാക്കാന്‍ ഇടയില്ല. ജയമാല, പുട്ടരംഗ ഷെട്ടി, യുടി ഖാദര്‍, ആര്‍വി ദേശ്പാണ്ഡെ തുടങ്ങിയവരെ ഒഴിവാക്കാനാകും കൂടുതല്‍ സാധ്യത. നാളെ ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമുണ്ടാകും.

ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’യെ ചെറുക്കാന്‍ കോണ്‍ഗ്രസ് നടത്തിയത് ‘ഓപ്പറേഷന്‍ സേവ് കര്‍ണാടക’എന്ന പദ്ധതിയാണെന്നാണ് സൂചന. സര്‍ക്കാരിനെ വീഴാതെ കാക്കാന്‍ കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അണിയറ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. അനുനയം മുതല്‍ ചില സന്ദര്‍ഭങ്ങളില്‍ ഭീഷണി വരെയുള്ള മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് പുറത്തെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേണുഗോപാലിനു പുറമേ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മന്ത്രി ഡികെ ശിവകുമാറും ബംഗളൂരു, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിദേശത്തുള്ള പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.

അതേസമയം, ബദല്‍ മാര്‍ഗ്ഗങ്ങളും കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കിയിരുന്നു. അഥവാ അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചാല്‍, സുപ്രീം കോടതിയില്‍ നിയമപരമായി നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഡല്‍ഹിയില്‍ സജ്ജരാക്കി. ഫോണിലൂടെയും നേരിട്ടും എംഎല്‍എമാരുമായി നിരന്തരം ബന്ധപ്പെടുകയും ബിജെപി അനുകൂല നിലപാടെടുത്താല്‍ ഭാവി അവതാളത്തിലാകുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആടികളിച്ച എംഎല്‍എമാരുടെ വീടുകള്‍ വളഞ്ഞു പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞാല്‍ പിന്നീട് മല്‍സരിക്കാന്‍ നിയമപരമായി വിലക്ക് നേരിടേണ്ടി വന്നേക്കുമെന്നു കാട്ടി കൂറുമാറ്റ നിയമം സംബന്ധിച്ച് എംഎല്‍എമാര്‍ക്കു ക്ലാസ് നല്‍കിയതും കര്‍ണാടക സര്‍ക്കാരിന് സുരക്ഷ നല്‍കി.

Exit mobile version