സ്വതന്ത്ര എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് അത്ര വലിയ വിഷയമല്ല; കര്‍ണാടക സര്‍ക്കാരിനെ ബാധിക്കില്ല: എച്ച്ഡി ദേവഗൗഡ

പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല,

ബംഗളൂരു: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് വലിയ വിഷയമല്ലെന്ന് മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് തലവനുമായ എച്ച്ഡി ദേവഗൗഡ. പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല, സ്വതന്ത്ര എംഎല്‍എമാരായ ഇവര്‍ മറ്റൊരു പാര്‍ട്ടിയുമായി നിലവില്‍ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും വലിയ കാര്യമല്ല. ഇതിനെയൊക്കെ വലിയ കാര്യമാക്കി മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ് എന്നും ദേവഗൗഡ പറഞ്ഞു.

സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗേഷും കഴിഞ്ഞ ദിവസം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരാണ് ഇവര്‍.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം. കുമാരസ്വാമി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ഇവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കര്‍ണാടകയില്‍ കൈയ്യില്‍ നിന്നും വഴുതിപ്പോയ ഭരണം തിരിച്ചുപിടിക്കാനുള്ള കടുത്ത നീക്കത്തിലാണ് ബിജെപി പാളയം എന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്.
ഭരണപക്ഷത്തെ ഏഴ് എംഎല്‍എമാരെയാണ് ബിജെപി റാഞ്ചാന്‍ പദ്ധതിയിട്ടിരിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

224 അംഗ നിയമസഭയില്‍ ബിജെപിക്ക് 104, കോണ്‍ഗ്രസ് 79, ജെഡി (എസ്) 37, ബിഎസ്പി 1, കെപിജെപി 1, സ്വതന്ത്രര്‍ 2 ഇങ്ങനെയാണ് അംഗങ്ങളുടെ നില.

Exit mobile version