അമൃത്‌സര്‍ ട്രെയിന്‍ അപകടം..! അപകടമുണ്ടാക്കിയ മരണവണ്ടി വരുന്നതിന് തൊട്ടുമുമ്പ് 2 വണ്ടികള്‍ പോയത് സാവധാനത്തില്‍; റെയില്‍വേയുടെ വാദം പൊളിയുന്നു

അമൃത്‌സര്‍: വിജയദശമി ദിനത്തിലെ ദസറ ആഘോത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയുണ്ടായ ദുരന്തം തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ റെയില്‍വേയുടെ വാദം പൊളിയുന്നു. അപകടമുണ്ടാക്കിയ ജലന്ധര്‍ എക്‌സ്പ്രസ് വരുന്നതിന് നിമിഷങ്ങള്‍ മുമ്പ് ഇതുവഴി രണ്ട് ട്രെയിനുകള്‍ കടന്നുപോയത് സാവധാനത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ദസറ ആഘോഷ പരിപാടിയെ കുറിച്ച് അറിവൊന്നും ലഭിച്ചില്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്.

അതേസമയം, കഴിഞ്ഞ 20 വര്‍ഷമായി നടക്കുന്ന പരിപാടി അറിയില്ലെന്ന് പറഞ്ഞ് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും റെയില്‍വേ ഒഴിഞ്ഞു മാറുകയാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

ദസറ ആഘോത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്ന സമയത്താണ് റെയില്‍ പാളത്തില്‍ നിന്നിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ 61 ആളുകള്‍ മരിച്ചു. 70 ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഉത്സവം നടത്തുന്നതിന് തങ്ങളുടെ അനുമതി തേടിയിരുന്നില്ലെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിനാണെന്നും റെയില്‍വേ അറിയിച്ചു.

റെയില്‍വേയില്‍ നിന്ന് യാതൊരു തരത്തിലുള്ള അനുമതികളും ആര്‍ക്കും നല്‍കിയിട്ടില്ല. പരിപാടിയുടെ സംഘാടകരോ ഭരണാധികാരികളോ ഒരു വിവരവും തങ്ങളെ അറിയിക്കുകയും ചെയ്തിട്ടില്ല. അപകടം നടന്ന സമയം റെയില്‍വെ ലെവല്‍ ക്രോസിംഗ് അടച്ചിട്ടുണ്ടായിരുന്നുവെന്നും റെയില്‍വേ അറിയിച്ചു.

മരിച്ചവര്‍ ട്രെയിന്‍ യാത്രികരല്ലാത്തതിനാല്‍ നഷ്ടപരിഹാരത്തുക റെയില്‍വേക്ക് നല്‍കാനാകില്ല. മരിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് എത്തുന്നത്. തങ്ങള്‍ അവരുമായി സഹകരിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് പുക മൂടിയതിനാല്‍ ലോക്കോ പൈലറ്റിന് കാഴ്ച വ്യക്തമായിരുന്നില്ലെന്നും അതിനാലാണ് ട്രെയിന്‍ നിര്‍ത്താന്‍ കഴിയാഞ്ഞതെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ലൈന്‍മാന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ലോക്കോ പൈലറ്റിനെയും മറ്റ് അധികൃതരെയും ട്രാക്കില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടെന്ന വിവരം അറിയിക്കുന്നതില്‍ ഇയാള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റെയില്‍വേ കരുതുന്നത്.

അതേസമയം, ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രെയിനിന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചുവെന്നും അതിനാലാണ് യാത്ര തുടര്‍ന്നതെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ട്രാക്കില്‍ നൂറ് കണക്കിന് ആളുകള്‍ നില്‍ക്കുന്നത് അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ജോനാപഥകിലെ ദസറ ആഘോഷത്തിനിടെ ആയിരുന്നു അപകടം. ട്രാക്കിനു സമീപം രാവണന്റെ രൂപം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. ഇതിനിടെ ട്രാക്കില്‍ കൂടിനിന്ന ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. പഠാന്‍കോട്ടില്‍ നിന്ന് അമൃതസറിലേക്ക് വന്ന ജലന്ധര്‍ എക്‌സ്പ്രസ് ആണ് അപകടമുണ്ടാക്കിയത

Exit mobile version