ഐക്യ ഭാരതമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

ഭാരതത്തിന്റെ ഐക്യമാണ് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം

ബി.ജെ.പി മുക്ത ഭാരതമല്ല, ഐക്യ ഭാരതമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി. യു.എ.ഇയിലെ ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പരാമര്‍ശിച്ചത്.

ബി.ജെ.പി മുക്തഭാരതമല്ല, ഐക്യ ഭാരതമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി
”ചിലര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതമാണ് വേണ്ടത്. പക്ഷേ ഞങ്ങള്‍ക്ക് ബി.ജെ.പി മുക്ത ഭാരതമെന്ന സങ്കല്‍പ്പമില്ല. ഭാരതത്തിന്റെ ഐക്യമാണ് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് തൊഴിലില്ലായ്മ. കര്‍ഷകരും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

അശാന്തി വിതക്കുന്ന അസഹിഷ്ണുതയാണ് മൂന്നാമത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ”ഇനി പറയുന്നത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയ്ക്ക് എനിക്ക് ഒരുപാട് നിരാശയുണ്ട്. യു.എ.ഇ പ്രധാനമന്ത്രിയോട് സംസാരിക്കവേ, ഇത് സഹിഷ്ണുതയുടെ വര്‍ഷമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. സഹിഷ്ണുത എന്ന് പറഞ്ഞാല്‍, അത് ജനങ്ങളെ കേള്‍ക്കുക എന്നതാണ്.

ജനങ്ങളെ കൈ നീട്ടി സ്വീകരിക്കുന്നതും സഹിഷ്ണുതയാണ്. നിങ്ങളുടെ ആശയങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് സഹിഷ്ണുത. വിനയമില്ലാതെ എങ്ങനെ സഹിഷ്ണുതയുണ്ടാകുമെന്നും രാഹുല്‍ ചോദിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ കീറിമുറിക്കുകയാണ് ചിലര്‍. മതത്തെയും ജാതിയെയും സമ്പത്തിനെയുമൊക്കെ ഈ വിഭജനത്തിന്റെ അളവുകോലാക്കുന്നുണ്ട് ചിലരെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version