ആപ്പ് പിന്തുണയ്ക്കുന്നുണ്ട് എങ്കിലും പാര്‍ട്ടിയില്‍ ചേരാനില്ല; കെജരിവാളിന് മറുപടിയുമായി പ്രകാശ് രാജ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി തന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയോടൊപ്പം ചേരാനില്ലെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്.

പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശത്തിന് അരവിന്ദ് കെജരിവാള്‍ നേരത്തെ, പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രകാശ് രാജിനെപ്പോലുള്ളവരെ പാര്‍ലമെന്റിന് ആവശ്യമുണ്ടെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

‘പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കാതെ തന്നെ എഎപി എന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നത് വളരെ ഹൃദ്യമാണ്. അതുകൊണ്ടുതന്നെ എനിക്ക് ഡല്‍ഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നുണ്ടായിരുന്നു’- വ്യാഴാഴ്ച അരവിന്ദ് കെജരിവാളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രകാശ് രാജ് എഎപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയത്.

‘രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പ്രകാശ് രാജിന്റെ തീരുമാനത്തെ ഞാന്‍ പിന്താങ്ങുന്നു. അദ്ദേഹം മാത്രമല്ല, എല്ലാ നല്ല ആള്‍ക്കാരും രാഷ്ട്രീയത്തിലേക്ക് വരേണ്ടതാണ്’ എന്നായിരുന്നു എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞത്.

പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റേയും നയങ്ങളുടെ പ്രധാന വിമര്‍ശകരിലൊരാളാണ് പ്രകാശ് രാജ്.

Exit mobile version