‘ഏതോ സായിപ്പ് വന്ന് ചായ കുടിച്ചു’: ഡോളി ചായവാലയുടെ ചായ ആസ്വദിച്ച് കുടിച്ച് ബില്‍ ഗേറ്റ്‌സ്

നാഗ്പൂര്‍:’ഡോളി ചായ് വാല’യുടെ ചായ ആസ്വദിച്ച് കുടിച്ച് ബില്‍ ഗേറ്റ്‌സ്. ‘ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു’ എന്നാണ് ഡോളി ചായവാല പറയുന്നത്. ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ നാഗ്പൂരിലേക്ക് തിരികെയെത്തിയപ്പോളാണ് വീഡിയോ വൈറലായ കാര്യവും താന്‍ ആര്‍ക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസിലായത്.

‘ഡോളി ചായ് വാല’യുടെ ചായകുടിക്കുന്ന ബില്‍ ഗേറ്റ്‌സിന്റ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചായയുണ്ടാക്കി കൊടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ സന്തോഷം. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് ഡോളി ചായവാല പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതു പോലുമില്ല. അദ്ദേഹം എന്റെയടുത്ത് വന്നുനിന്നു. ഞാന്‍ എന്റെ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. എന്റെ ചായ കുടിച്ചതിന് ശേഷം ‘വൗ, ഡോളി കി ചായ്’ എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്’ എന്നാണ് ഡോളി ചായവാല പറഞ്ഞത്.

ചായയുണ്ടാക്കുന്ന പ്രത്യേക സ്‌റ്റൈല്‍ എവിടെ നിന്നാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിന് താന്‍ കാണുന്ന സൗത്ത് ഇന്ത്യന്‍ സിനിമകളുടെ പ്രതിഫലനമാണ് ആ സ്‌റ്റൈല്‍ എന്ന മറുപടിയാണ് ഡോളി ചായവാല നല്‍കിയത്. ഒരു ചെറുചിരിയോടെ എല്ലാവര്‍ക്കും ചായ കൊടുക്കണമെന്നതാണ് തന്റെ ജീവിതാഭിലാഷം. ഈ ചിരികള്‍ തനിക്ക് തിരിച്ചും ലഭിക്കും’ എന്നും ഡോളി ചായവാല പറയുന്നു.

Exit mobile version