ലോകത്തിന് മുഴുവന്‍ ആവശ്യമാകുന്നത്രയും കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും, രാജ്യത്തെ മരുന്നുല്‍പ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്; ഇന്ത്യയ്ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്ന് ബില്‍ ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ലോകത്തെയാകമാനം ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിഡ് വ്യാപിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുകളൊന്നും കണ്ടെത്താത്താണ് വൈറസ് വ്യാപനം ഇത്രത്തോളം രൂക്ഷമാകാന്‍ കാരണം. കോവിഡിനെ തടയാന്‍ വാക്‌സിന്‍ അണിയറയില്‍ ഒരുങ്ങുന്നതായാണ് മിക്കരാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡിനെ തടയാന്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇവിടുത്തെ മരുന്ന് നിര്‍മാതാക്കള്‍ക്കുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

കോവിഡ് 19 വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്. രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ കോവിഡ്19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ മരുന്നുല്‍പ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്. ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും കൊവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇവിടുത്തെ മരുന്ന് നിര്‍മാതാക്കള്‍ക്കുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

ഈ കഴിവു മറ്റു പല രോഗങ്ങള്‍ക്കുള്ള മരുന്നു നിര്‍മാണത്തിന് അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും വലിയ രാജ്യമായതിനാലും ജനസംഖ്യ കൂടുതല്‍ ഉള്ളതിനാലും ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യയ്ക്ക് ഇവിടെത്തന്നെ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങി നിരവധി മരുന്നുല്‍പ്പാദകര്‍ ഇന്ത്യയിലുണ്ട്, ലോകത്ത് മറ്റെവിടെയെങ്കിലും നിര്‍മിക്കുന്നതനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഡിസ്‌കവറി പ്ലസ് ചാനലില്‍ വ്യാഴാഴ്ച വൈകുന്നേരം പരിപാടി സംപ്രേഷണം ചെയ്യും.

Exit mobile version