നിതീഷ് കുമാർ പോകുമെന്ന് അറിയാമായിരുന്നു; ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകളുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറാനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്ത് ഉണ്ട്. ഇത് സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യത്തിന് വേണ്ടിയാണ് മിണ്ടാതിരുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇൻഡ്യാ മഹാസഖ്യത്തിന് വിള്ളൽ വീഴ്ത്തിയാണ് നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. നിതീഷ് കുമാർ പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ലാലു യാദവുമായും തേജസ്വി ജിയുമായും സംസാരിച്ചപ്പോൾ അവരും ഇതുതന്നെയാണ് പറഞ്ഞത്. അദ്ദേഹത്തിന് തുടരാൻ താല്പര്യം ഉണ്ടായിരുന്നില്ല, താല്പര്യമുണ്ടായിരുന്നെങ്കിൽ പോകില്ലായിരുന്നെന്നും ഖാർഗെ പറഞ്ഞു.

ഇത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. ഇൻഡ്യ മുന്നണിയെ ഓർത്താണ് ഒന്നും മിണ്ടാതിരുന്നത്. എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ തെറ്റായ സന്ദേശമാവും അത് നൽകുകയെന്നും ഖാർഗെ പറഞ്ഞു.

ALSO READ- വടക്കുംനാഥനെ സാക്ഷിയാക്കി ഗോപിയെ സ്വന്തമാക്കി ജിപി; താര വിവാഹചിത്രങ്ങള്‍ വൈറല്‍

അതേസമയം, ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരനായാണ് നിതീഷ് കുമാർ രാജി വെച്ചത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഇതോടെ 9ാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാൻ പോകുന്നത്.


നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎൽഎമാർ കത്ത് നൽകും. അതേസമയം, കോൺഗ്രസിന്റെ 9 എംഎൽഎമാരുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ എംഎൽഎമാർ എവിടെയാണ് എന്ന് കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ല.

Exit mobile version