അയോധ്യ പ്രതിഷ്ഠ ദിനം; കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു

ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22 ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ യുപി സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും പ്രതിഷ്ഠാ ദിനം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

വിപുലമായ ആഘോഷങ്ങളാണ് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

Exit mobile version