പാര്‍ക്കിങ് ഏരിയയില്‍ വച്ച ബൈക്ക് മോഷ്ടിച്ചു: ഫേസ്ബുക്കില്‍ പോസ്റ്റ് കണ്ടതോടെ കള്ളന്റെ മനസ് മാറി; തിരികെ എത്തിച്ചു

സൂററ്റ്: പാര്‍ക്കിങ് ഏരിയയില്‍ വച്ച ബൈക്ക് മോഷണം പോയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്, ബൈക്ക് തിരിച്ചേല്‍പ്പിച്ച് കള്ളന്റെ നന്മ മാതൃക. സൂറത്തിലെ കള്ളനാണ് മനസ്സുമാറി ബൈക്ക് തിരികെ കൊണ്ട് വച്ചത്. ബൈക്കുടമയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെയാണ് ബൈക്ക് തിരികെ നല്‍കാമെന്ന് കള്ളന് തോന്നിയത്.

ഡിസംബര്‍ ഒന്‍പതിനാണ് സംഭവം. തടികൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന പരേഷ് ഭായ് പട്ടേലിന്റെ ബൈക്ക് സൂററ്റിലെ മോട്ടാ വരാഛ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും മോഷണം പോയത്.

പിറ്റേ ദിവസം പട്ടേല്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ബൈക്ക് കൊണ്ടു പോയ മാന്യന്‍ പാര്‍ക്കിങില്‍ എത്തിയാല്‍ ആര്‍സി ബുക്കും, ബൈക്കിന്റെ താക്കോലും നല്‍കാമെന്നും തനിക്കൊരു സൈക്കിളുള്ളതിനാല്‍ താന്‍ അത് കൊണ്ട് യാത്ര ചെയ്യും പേടിക്കേണ്ട എന്നായിരുന്നു പരേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിട്ടതിന് ശേഷം പരേഷ് പോലീസിലും പരാതി നല്‍കി.

പോസ്റ്റ് വൈറലായതോടെ കള്ളനും കണ്ടു. ഇതോടെയാണ് എടുത്ത സ്ഥലത്ത് തന്നെ ബൈക്ക് ഡിസംബര്‍ 11ന് കള്ളന്‍ തിരികെ എത്തിച്ചത്. ബൈക്ക് തിരികെ കൊണ്ട് വച്ച് കള്ളന്‍ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കള്ളന് മാനസാന്തരം ഉണ്ടായതിലും ബൈക്ക് കേടുപാടുകള്‍ കൂടാതെ തിരികെ എത്തിച്ചതിലും താന്‍ സന്തുഷ്ടനാണെന്ന് പരേഷ് പ്രതികരിച്ചു.

Exit mobile version