നദി കരകവിഞ്ഞു, നഗരം വെള്ളത്തില്‍: ചെന്നൈയില്‍ മുതല റോഡിലിറങ്ങി

ചെന്നൈ: മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കരതൊടും എന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ മുന്‍പായുള്ള കനത്തമഴയിലും കാറ്റിലും ചെന്നൈ ദുരിതക്കയത്തിലായി.

മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെന്നൈ വിമാനത്താവളം വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സര്‍വീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും തിരിച്ചുമുള്ള 40 സര്‍വീസുകള്‍ നിലവില്‍ റദ്ദാക്കിയിട്ടുണ്ട്.

മഴക്കെടുതികളില്‍ ജനം വലയുന്നതിന് ഇടയില്‍ ചെന്നൈയിലെ റോഡില്‍ മുതല ഇറങ്ങി. ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞതോടെയാണ് മുതല റോഡിലേക്കിറങ്ങിയത്. ചെന്നൈയിലെ പെരുങ്ങലത്തൂര്‍ മേഖലയിലാണ് മുതലയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നാണ് നിര്‍ദേശം.

ജനങ്ങളോട് അടിയന്തരാവശ്യത്തിന് ഒഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധിയാണ്. ഇവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 km അകലെ മാത്രം സ്ഥിതി ചെയ്യുകയാണ്. ചുഴലിക്കാറ്റ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കരതൊടുന്നത്.

Exit mobile version