ഇഞ്ചോടിഞ്ച് പോരാടി കോണ്‍ഗ്രസും ബിജെപിയും: വോട്ടെണ്ണല്‍ ആരംഭിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് – ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്. രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത് എങ്കിലും ആത്മവിശ്വാസത്തില്‍ തന്നെയാണ് ബിജെപി.

മധ്യപ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണം ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് – ബിആര്‍എസ് മത്സരമാണ്. തെലങ്കാനയില്‍ ബിആര്‍എസിന്റെ കുതിരക്കച്ചവട രാഷ്ട്രീയം അടക്കം കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് നിരീക്ഷകരെ അയച്ചു കഴിഞ്ഞു.

അതേസമയം, ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ തെലങ്കാനയില്‍ ആദ്യ ലീഡ് ബിആര്‍എസിനാണ്. മൂന്ന് സീറ്റുകളില്‍ ബിആര്‍എസും രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ആദ്യഘട്ടത്തില്‍ മേല്‍ക്കൈ. 14 ഇടത്താണ് കോണ്‍ഗ്രസ് മുന്നേറുന്നത്. രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ആദ്യ ലീഡില്‍ ഒപ്പത്തിനൊപ്പവും മുന്നേറുകയാണ്. മധ്യപ്രദേശില്‍ 45 ഇടത്ത് ബിജെപി മുന്നിലാണ് 39 ഇടത്ത് കോണ്‍ഗ്രസും മുന്നേറുന്നു.

മധ്യപ്രദേശില്‍ 230 സീറ്റുകളിലാണ് മത്സരം. രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയുക. മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി, വോട്ടെണ്ണല്‍ മാറ്റണമെന്ന് നിരവധി പേര്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

Exit mobile version