കൈക്കൂലിയായി കൈപറ്റിയ 20 ലക്ഷം രൂപയുമായി ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ; ഇഡി ഓഫീസിൽ വിജിലൻസ് റെയ്ഡ്; രാഷ്ട്രീയവത്കരിക്കരുത് എന്ന് ബിജെപി

ചെന്നൈ: തമിഴ്‌നാട്ടിലെ ഇഡി ഉദ്യോഗസ്ഥനെ കൈക്കൂലിയായി വാങ്ങിയ 20 ലക്ഷം രൂപയുമായി വിജിലൻസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇഡിയുടെ മധുര ഓഫിസിൽ തമിഴ്‌നാട് വിജിലൻസ് റെയ്ഡും നടത്തി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെയാണ് ഇന്നലെ ഡിണ്ടിഗലിൽനിന്നു വിജിലൻസ് പിടികൂടിയത്.

ഇയാൾ മുൻപും സമാനമായ രീതിയിൽ കോടിക്കണക്കിനു രൂപ കൈക്കൂലിയായി വാങ്ങി മേലധികാരികൾക്ക് ഉൾപ്പെടെ കൈമാറിയിട്ടുണ്ടെന്നാണ് വിജിയലൻസ് കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ ഇഡി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങൾ തുടരുകയാണ്.

അനധികൃത സ്വത്തുസമ്പാദന കേസിൽ കുടുക്കാതിരിക്കാൻ 3 കോടി രൂപ ആവശ്യപ്പെട്ട് തിവാരി ഭീഷണിപ്പെടുത്തിയെന്ന ഡിണ്ടിഗലിലെ ഗവ.ഡോക്ടറുടെ പരാതിയിലാണ് അങ്കിത് തിവാരി പിടിയിലായത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്നു പറഞ്ഞതിനെ തുടർന്ന് തുക 51 ലക്ഷമായി കുറക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ മാസം 20 ലക്ഷം രൂപ ഇയാൾക്കു നൽകിയതായും ഡോക്ടർ പറഞ്ഞു. ബാക്കി തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ഡോക്ടർ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. അങ്കിത് തിവാരിക്കു പിടിവീണതോടെ വിജിലൻസും ആന്റി കറപ്ഷൻ സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരും രാത്രി വൈകിയും മധുര ഓഫീസിൽ പരിശോധന നടത്തി.

ALSO READ- കുടുംബത്തിന് സാമ്പത്തിക ബാധ്യത; തട്ടിക്കൊണ്ടുപോകൽ വിലപേശി പണം കൈക്കലാക്കാൻ; മകൾ ഉൾപ്പടെ മൂന്ന് പേർക്കും പങ്ക്; അറസ്റ്റ് രേഖപ്പെടുത്തി

ഇതോടെ ഒരാൾ ചെയ്ത തെറ്റിന് ഇഡിയെ പഴിക്കുന്നത് ശരിയല്ലെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു. ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് രാഷ്ട്രീയവത്കരിക്കരുതെന്നാണ് ബിജെപി തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടത്.

Exit mobile version