ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം

ബംഗളൂരു: ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു എക്‌സ്5 കാറാണ് മോഷണസംഘം തകര്‍ത്ത് 14 ലക്ഷം കവര്‍ന്നത്.

ഡ്രൈവര്‍ സീറ്റ് വശത്തെ ചില്ലു തകര്‍ത്ത് അകത്ത് കയറിയാണ് യുവാവ് പണം മോഷ്ടിച്ചത്. ഒരു കോടിയിലധികം വില വരുന്ന കാറാണിത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. കൈയില്‍ കരുതിയിരുന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ചില്ല് തകര്‍ത്തത്. ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുന്നതും രണ്ടാമന്‍ ചുറ്റുപാട് നിരീക്ഷിച്ച ശേഷം കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണം അടങ്ങിയ സഞ്ചി മോഷ്ടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

കവര്‍ മോഷ്ടിച്ച ശേഷം ഉടന്‍ തന്നെ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. 36കാരനായ മോഹന്‍ ബാബുവെന്ന വ്യക്തിയുടെ പേരിലുള്ളതാണ് ബിഎംഡബ്ല്യു കാര്‍. സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്.

Exit mobile version