മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു

അറുനൂറ് രൂപയ്ക്ക് ജോലി ഏറ്റെടുത്ത 17കാരനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.

ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു. ബംഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. അറുനൂറ് രൂപയ്ക്ക് ജോലി ഏറ്റെടുത്ത 17കാരനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.

ഇന്‍ഫാട്രി റോഡിലെ ശ്രീ എസ്എസ്ബിഎസ് ജെയ്ന്‍ സംഘ് ട്രസ്റ്റിന്റെ കീഴിലുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി രാവിലെ 12 മണിക്കാണ് 17കാരനായ സിദ്ധപ്പയെ കരാറുകാരന്‍ സമീപിക്കുന്നത്. തുടര്‍ന്ന് 600 രൂപയ്ക്ക് ജോലി ഏറ്റെടുത്ത സിദ്ധപ്പ മറ്റ് തൊഴിലാളികള്‍ക്കൊപ്പം മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു.

മാന്‍ഹോളിന് ഏറ്റവും അടിവശത്തേക്ക് കടന്ന സിദ്ധപ്പ വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് വിവരം. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ പുറത്തിറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും സിദ്ധപ്പയെ കാണാതായപ്പോള്‍ സംശയം തോന്നിയ കാരാറുകാരനായ മാരിയണ്ണന്‍ മാന്‍ഹോളില്‍ ഇറങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സിദ്ധപ്പയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് തൊഴിലാളികളും പരിസരവാസികളും ചേര്‍ന്ന് സിദ്ധപ്പയെ പുറത്തെടുക്കുകയും ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. ഇതിനിടെ സിദ്ധപ്പയുടെ മരണവാര്‍ത്ത അറിഞ്ഞ മാരിയണ്ണന്‍ അബോധാവസ്ഥയിലാകുകയും അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകും ചെയ്തു. മാരിയണ്ണന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version