ഇതരമതസ്ഥനെ വിവാഹം ചെയ്ത് ഒളിച്ചോടി; പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും തേടിയെത്തി കൊലപ്പെടുത്തി പിതാവും സഹോദരനും; സഹായം ചെയ്ത മൂന്ന് കുട്ടികളും പിടിയില്‍

മുംബൈ: പ്രണയിച്ച് മിശ്രവിവാഹം ചെയ്തതിന് മകളേയും ഭര്‍ത്താവായ യുവാവിനേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ മഹാരാഷ്ട്ര പൊലീസിന്റെ പിടിയില്‍. കൊല്ലപ്പെട്ട യുവതിയുടെ 50കാരനായ പിതാവും സഹോദരനുമാണ് പിടിയിലായത്.

ഗുല്‍നാസ്, ഭര്‍ത്താവ് കരണ്‍ രമേഷ് ചന്ദ്ര (22) എന്നിവരെ കൊലപ്പെടുത്തിയ ഗോറ ഖാന്‍, മകന്‍ സല്‍മാന്‍ ഗോറ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. സല്‍മാനും സുഹൃത്ത് മുഹമ്മദ് ഖാനും ചേര്‍ന്നാണ് യുവദമ്പതികളെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗുല്‍നാസ് കരണ്‍ രമേഷ് ചന്ദ്രയുമായി പ്രണയത്തിലായത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗുല്‍നാസ് ഹിന്ദുമത വിശ്വാസിയായ രമേഷിനെ വിവാഹം കഴിച്ചതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചതെന്നും കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകായയിരുന്നു എന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച മാന്‍ഖുര്‍ദ് പ്രദേശത്തെ കിണറ്റില്‍ നിന്നാണ് നാട്ടുകാര്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

ഗോവണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചയാള്‍ യുപി സ്വദേശി കരണ്‍ രമേഷ് ചന്ദ്ര (22) ആണെന്ന് തിരിച്ചറിഞ്ഞു. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറുത്തതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ALSO READ- ശബരിമല തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളില്‍ വരേണ്ട: പുഷ്പങ്ങളും ഇലകളും വച്ച വാഹനങ്ങള്‍ക്കെതിരെ നടപടി; ഹൈക്കോടതി

പിന്നീട് രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച പന്‍വേലിലെ കാട്ടില്‍ ഗുല്‍നാസിന്റെ മൃതദേഹവും സമാനരീതിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞത്. ഇതോടെ അവര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികളാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഇരുവരും ഇവിടെ എത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഗുല്‍നാസിന്റെ പിതാവ് ഗോറ ഖാന്‍ ദമ്പതികളെ മുംബൈയിലേക്ക് ക്ഷണിച്ച് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു.


ഈ കേസില്‍ പങ്കാളികളായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Exit mobile version