‘കള്ളവണ്ടി’കയറിയവരെല്ലാം കുടുങ്ങി; പ്രത്യേക ഓപ്പറേഷനിൽ കുടുങ്ങി ടിക്കറ്റില്ലാത്ത യാത്രക്കാർ; ഒരു സ്‌റ്റേഷനിൽ നിന്നുമാത്രം പിഴയായി ഈടാക്കിയത് 4,21 ലക്ഷം രൂപ

മുംബൈ: പരിശോധനയുണ്ടാവില്ലെന്ന് കരുതി പതിവുപോലെ ടിക്കറ്റെടുക്കാതെ എത്തിയ ഒരു യാത്രക്കാരനേയും ഒഴിവാക്കാതെ എല്ലാവരേയും പിടികൂടി പിഴയീടാക്കി റെയിൽവേ ഉദ്യോഗസ്ഥർ. ദാദർ റെയിൽവേസ്‌റ്റേഷനിലാണ് കള്ളവണ്ടിക്കാരെല്ലാം കുടുങ്ങിയത്. ദാദറിലെ പ്രധാന ഫൂട്ട് ഓവർ ബ്രിഡ്ജിനു മുകളിൽ ഉദ്യോഗസ്ഥർ ഒരു ‘മതിൽ’ പോലെ നിലയുറപ്പിച്ചാണ് കള്ളവണ്ടിക്കാരെ കുടുക്കിയത്.

പശ്ചിമ റെയിൽവേയുടെ പ്രത്യേക ഓപറേഷനായിരുന്നു അത്. ടിക്കറ്റില്ലാതെ ട്രെയിനിൽ വന്നിറങ്ങിയവരും പ്ലാറ്റ്‌ഫോമിലേക്ക് എത്തിയവരുമെല്ലാം റെയിൽവേ ഉദ്യോഗസ്ഥരുടെ പിടിയിലായി. ടിക്കറ്റില്ലാത്ത ഒരാൾ പോലും രക്ഷപ്പെട്ടില്ല. സ്റ്റേഷനിൽ നോക്കുന്നിടത്തൊക്കെ ഇന്ത്യൻ റെയിൽവേയുടെ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

ഇതോടെ ഒറ്റ ദിവസത്തിൽ, ഈ ഒരു സ്റ്റേഷനിൽനിന്നു മാത്രം പിഴയായി റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 4,21,960 രൂപയാണ്. ഒരു സ്റ്റേഷനിലെ പരിശോധനയിൽ ഒരു ദിവസം കളക്ട് ചെയ്യുന്ന റെക്കോർഡ് പിഴയാണിത്. 195 ടിക്കറ്റ് ചെക്കിങ് ജീവനക്കാർ ഈ മാരത്തോൺ പരിശോധനയിൽ പങ്കാളികളാവുകയായിരുന്നു.

സെപ്റ്റംബർ 30നായിരുന്നു ദാദർ റെയിൽവേ സ്റ്റേഷനിൽ ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം നടന്നത്. മുമ്പൊന്നും കണ്ടും കേട്ടും പരിചയമില്ലാത്ത ഈ പരിശോധനയിൽ കള്ളവണ്ടിക്കാരെല്ലാം കുടുങ്ങി. ദിവസം മുഴുവൻ നീണ്ടുനിന്ന പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തിയത്.

ALSO READ- ജയ്പൂരിൽ പിടിയിലായ ഐഎസ് ഭീകരൻ ഷാഫി ഉസാമ കേരളത്തിലും എത്തി; പരിശീലനം നടത്താനും ഭീകരാക്രമണത്തിനും പദ്ധതിയിട്ടു; പ്രമുഖരെ ടാർജറ്റ് ചെയ്തു

1647 യാത്രക്കാരാണ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പിടിയിലായതെന്ന് റെയിൽവേ അറിയിച്ചു. ഇവരിൽ നിന്ന് 4.2 ലക്ഷം രൂപയിലേറെയാണ് ഈടാക്കിയത്. പരിശോധനയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

Exit mobile version