ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഇങ്ങനെയാണോ പഠിപ്പിക്കേണ്ടത്? വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ
സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചാണ് അധ്യാപിക ഈ വിധം പെരുമാറിയത്.

സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് അഭയ് എസ്ഒക, പങ്കജ് മിഥാസല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

അധ്യാപിക ഒരു സമുദായത്തെ ലക്ഷ്യം വെക്കുകയായിരുന്നു. കേസ് ആഴത്തില്‍ പരിശോധിക്കും. ഇങ്ങനെയാണോ അധ്യാപിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത്? ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം. കുട്ടിയ്ക്ക് വേണ്ടി സ്‌കൂള്‍ ഏതെങ്കിലും കൗണ്‍സിലറെ നിയമിച്ചിട്ടുണ്ടോ? സംഭവിച്ചത് സംഭവിച്ചു, അത് സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ ഉലയ്ക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്’, കോടതി പറഞ്ഞു.

അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലായിരുന്നു കേസെടുത്തത്.

എന്നാല്‍ പ്രവര്‍ത്തിയില്‍ നാണക്കേട് ഇല്ലെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. അധ്യാപികയെന്ന നിലയില്‍ ഞാന്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ട് എന്നായിരുന്നു പ്രതികരണം.

Exit mobile version