നിങ്ങൾ കണ്ട ചായ് വാല അല്ല, ഞാൻ മലയാളിയെയാണ് ഉദ്ദേശിച്ചത്; ചായയടിക്കുന്ന ആളുടെ ചിത്രം വിവാദമായതോടെ വിശദീകരിച്ച് പ്രകാശ് രാജ്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3യെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ പ്രകാശ് രാജിന് എതിരെ രൂക്ഷ വിമർശനം. ഐഎസ്ആർഒയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പങ്കുവെച്ചെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം.

‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് ട്വിറ്റാറിൽ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട് ഈ ട്വീറ്റ് വൈറലാവുകയും ചെയ്തു.

എന്നാൽ നടന്റെ പരിഹാസം അതിരുകടന്നെന്നും, ഈ കാർട്ടൂൺ ഇന്ത്യയുടെ ദൗത്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്നുമൊക്കെയാണ് ഉയർന്ന വിമർശനങ്ങൾ. ചന്ദ്രയാൻ രാഷ്ട്രീയവിഷയമല്ല, ദേശീയ വിഷയമാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു.

also read- അമാവാസിക്ക് മുൻപ് കുറ്റകൃത്യങ്ങൾ കൂടും; തടയാൻ പഞ്ചാംഗം നോക്കണം; പോലീസുകാർക്ക് യുപി പോലീസ് മേധാവിയുടെ നിർദേശം

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രകാശ് രാജ് തന്നെ രംഗത്തെത്തി. ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ(എക്‌സ്) കുറിച്ചു. വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു.. വിമർശിക്കുന്നവർ ഏത് ‘ചായ് വാല’യെയാണ് കണ്ടതെന്ന് തനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾ തന്നെ ഒരു തമാശയാണെന്നും പ്രകാശ് രാജ് കുറിച്ചു.

സംഘപരിവാറിനും ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനം ഉന്നയിക്കാൻ മടിയില്ലാത്ത വ്യക്തിയാണ് പ്രകാശ് രാജ്. അടുത്തിടെ നടന് നേരെ വധഭീഷണിയുണ്ടായിരുന്നു.

Exit mobile version