‘ വിവാഹം കഴിക്കാന്‍ പ്ലാനില്ല, അവള്‍ ഉടനെ ഇന്ത്യയിലേക്ക് മടങ്ങും’ ; തന്നെ കാണാന്‍ രാജസ്ഥാനില്‍ നിന്നെത്തിയ യുവതിയെക്കുറിച്ച് പാകിസ്ഥാന്‍ യുവാവ്

അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും പാക് സുഹൃത്ത് നസ്റുല്ല പറഞ്ഞു.

പെഷവാര്‍: കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക് യുവാവിനെ കാണാന്‍ ഇന്ത്യയില്‍ നിന്നും അഞ്ജുവെന്ന യുവതി പാകിസ്ഥാനില്‍ എത്തിയത്. ഇപ്പോഴിതാ, സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പാക് യുവാവ്. തന്നെ കാണാന്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലെത്തിയ സുഹൃത്ത് അഞ്ജു തിരികെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് യുവതിയുടെ പാക് സുഹൃത്ത് അറിയിച്ചു. അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും പാക് സുഹൃത്ത് നസ്റുല്ല പറഞ്ഞു.

‘തന്നെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍ നിന്നും ഇവിടെ എത്തിയത്. ഞങ്ങള്‍ രണ്ടും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ വിവാഹം കഴിക്കാന്‍ പ്ലാനില്ല. വിസാ കാലാവധി കഴിയുന്നതോടെ അഞ്ജു തിരികെ ഇന്ത്യയിലേക്ക് മടങ്ങും’. ഞങ്ങള്‍ പ്രണയത്തിലല്ല, അഞ്ജു എന്റെ വീട്ടിലെ പ്രത്യേക മുറിയില്‍ കുടുംബത്തിലെ മറ്റ് സ്ത്രീകളോടൊപ്പം ആണ് താമസിക്കുന്നതെന്നും നസ്‌റുല്ല പറഞ്ഞു. ജില്ലാ ഭരണകൂടം തങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അഞ്ജു കുടുംബത്തോടൊപ്പം സുരക്ഷിതയാണെന്നും നസ്റുല്ല പറഞ്ഞു. 2019ലാണ് നസ്റുല്ലയും അഞ്ജുവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെ പാകിസ്ഥാനിലെത്തിയിരുന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തിയത്.

അതേസമയം, ജില്ലാ പോലീസ് ഓഫീസര്‍ മുഷ്താഖ് അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകള്‍ കൃത്യമായതിനാല്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ് ഭാര്യ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു.

Exit mobile version